
ഖത്തറിൽ സ്വകാര്യത ലംഘിച്ചാൽ ജയിൽ, 100,000 ഖത്തർ റിയാൽ പിഴ: ഔദ്യോഗിക ഗസറ്റ്
ദോഹ: വ്യക്തികളുടെ അനുവാദമോ അറിവോ ഇല്ലാതെ അവരുടെ ചിത്രങ്ങളും വീഡിയോകളും നിയമപരമായി പ്രഖ്യാപിക്കാത്ത സാഹചര്യങ്ങളിൽ ഇൻ്റർനെറ്റിൽ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് ലക്ഷ്യമിട്ട് സൈബർ കുറ്റകൃത്യ നിയമനിർമ്മാണത്തിന് ഖത്തർ ഭേദഗതി വരുത്തി.
അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ അംഗീകാരത്തോടെ 2025 ജൂലൈ 21-ന് പുറത്തിറങ്ങിയ ഔദ്യോഗിക ഗസറ്റിൻ്റെ 2025-ലെ 20-ാം പതിപ്പിലാണ് ഭേദഗതി വരുത്തിയ 2025-ലെ (11) നമ്പർ നിയമം പ്രസിദ്ധീകരിച്ചത്.സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതുമായി ബന്ധപ്പെട്ട് 2014-ലെ (14) നമ്പർ നിയമത്തിൽ പുതിയ വകുപ്പ് (8) (ബിസ്) ഭേദഗതിയിലൂടെ കൂട്ടിച്ചേർത്തു.പുതിയ വ്യവസ്ഥ പ്രകാരം, കുറ്റവാളികൾക്ക് ഒരു വർഷത്തിൽ കൂടാത്ത തടവോ, 100,000 ഖത്തർ റിയാൽ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.
വകുപ്പ് (8) (ബിസ്) പ്രകാരം:”ഒരു വ്യക്തിയുടെ അനുവാദമില്ലാതെ, വിവരസാങ്കേതിക വിദ്യകളിലൂടെയോ മറ്റ് വിവര സാങ്കേതിക വിദ്യകളിലൂടെയോ പൊതുസ്ഥലങ്ങളിൽ വെച്ച് അവരുടെ ചിത്രങ്ങളോ വീഡിയോകളോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് വഴി അവരുടെ സ്വകാര്യതയെ ഹനിക്കുന്ന ഏതൊരാളെയും ഒരു വർഷത്തിൽ കൂടാത്ത തടവിനും, ഒരു ലക്ഷം ഖത്തർ റിയാലിൽ കവിയാത്ത പിഴയ്ക്കും അല്ലെങ്കിൽ ഇവയിലേതെങ്കിലും ഒരു ശിക്ഷയ്ക്കും വിധേയമാക്കും.”നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ പ്രാബല്യത്തിൽ വരുമെന്നും ഈ വകുപ്പിൽ പറയുന്നു.

Comments (0)