ആംഗ്യഭാഷയിൽ ഇസ്ലാമിക വിജ്ഞാനകോശം പുറത്തിറക്കാൻ ഔഖാഫ്
ഖത്തറിൽ ബധിരരായവർക്ക് വേണ്ടി ആംഗ്യഭാഷയിൽ ഇസ്ലാമിക വിജ്ഞാനകോശം പുറത്തിറക്കുമെന്ന് ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയം. അറബ് ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക വിജ്ഞാനകോശമായിരിക്കും ഇതെന്ന് റിലീജിയസ് കാൾ ആൻഡ് ഗൈഡൻസ് വകുപ്പ് മേധാവി മലല്ലാഹ് അബ്ദുൽ റഹ്മാൻ അൽ ജാബിർ പറഞ്ഞു. ശരീഅത്ത് റഫറൻസുകൾ അടങ്ങിയിട്ടുള്ള വിജ്ഞാനകോശം, കേൾവിക്കുറവുള്ള ആളുകൾക്ക് ഏറ്റവും മികച്ച സംരംഭമായിരിക്കും. ശരീഅത്ത് നിയമങ്ങളിൽ തൽപരരായവരെ ലക്ഷ്യം വെച്ച് പ്രതിവർഷം 700നടുത്ത് ശരീഅത്ത് മാർഗനിർദേശങ്ങളും നിയമങ്ങളും ആംഗ്യഭാഷയിൽ കൂട്ടിച്ചേർക്കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്തർ നാഷണൽ വിഷൻ 2030ന്റെ ഭാഗമായാണ് പദ്ധതികൾ നടപ്പാക്കുന്നത്. ഏകീകൃത അറബി ആംഗ്യഭാഷ നിഘണ്ടു ഡിജിറ്റലൈസ് ചെയ്യാനുള്ള ഖത്തറിന്റെ ശ്രമങ്ങളുടെ ഭാഗമായി അറബ് ലീഗും സാമൂഹിക, കുടുംബക്ഷേമ മന്ത്രാലയവും സഹകരിച്ച് സുകൂൻ ആപ് കഴിഞ്ഞ മാസം പുറത്തിറക്കിയിരുന്നു. വിശുദ്ധ റമദാൻ മാസത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം മത പ്രഭാഷണങ്ങളും വകുപ്പ് സംഘടിപ്പിക്കുമെന്നും അൽ ജാബിർ പറഞ്ഞു. ഖത്തറിലെ അനുദിന വാർത്തകളും വിശേഷങ്ങളും തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/E9dLCQprdHP00u4tWPbARq
Comments (0)