Posted By Anu Staff Editor Posted On

സിഎഎ; കേസുകൾ പിൻവലിക്കുന്നത് വേ​ഗത്തിലാക്കാൻ സർക്കാർ നിർദേശം

പൗരത്വ നിയമ ഭേദ​ഗതി വിഷയത്തിൽ പ്രതിഷേധിച്ചവർക്കെതിരായി രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുന്നത് ത്വരിതപ്പെടുത്താൻ നിർദേശം നൽകി സർക്കാർ. ജില്ലാ പൊലീസ് മേധാവിമാർക്കാണ് ആഭ്യന്തര വകുപ്പ് നിർദേശം നൽകിയത്. ഗുരുതര സ്വഭാവമില്ലാത്ത കേസുകളാണു പിൻവലിക്കുക. തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിലാണ് നടപടികൾ ത്വരിതപ്പെടുത്തുന്നത്. സിഎഎയുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടികളിൽ പങ്കെടുത്ത 7913 പേർക്കെതിരെ 835 കേസുകളാണ് റജിസ്റ്റർ ചെയ്തത്. ഒരാഴ്ച മുൻപത്തെ കണക്കനുസരിച്ച് 114 കേസുകൾ സർക്കാർ പിൻവലിച്ചു. 502 കേസുകൾ വിവിധ ജില്ലകളിലായി വിചാരണയിലാണ്. 11 കേസുകളിൽ ഉൾപ്പെട്ടവരെ കുറ്റവിമുക്തരാക്കിയിട്ടുണ്ട്.

ഗുരുതര സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കുന്നത് സംബന്ധിച്ച് 2022 ഫെബ്രുവരിയിലാണ് സർക്കാർ തീരുമാനമെടുത്തത്. പിൻവലിക്കാമെന്നു സർക്കാർ തീരുമാനിച്ച എല്ലാ കേസുകളിലും അപേക്ഷ കോടതിയിൽ സമർപ്പിച്ചു എന്ന് ഉറപ്പാക്കണം. പിൻവലിക്കുന്നതിന് അപേക്ഷ സമർപ്പിച്ചിട്ടുള്ള കേസുകൾ പരിശോധിച്ച് ജാമ്യം ലഭിക്കാൻ അർഹതയുള്ള കേസുകളിൽ വേഗത്തിൽ നടപടിയെടുക്കണം. ഇപ്രകാരമാണ് കേസ് പിൻവലിക്കുന്നത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് അഡി.ചീഫ് സെക്രട്ടറി ജില്ലാ പൊലീസ് മേധാവിമാർക്ക് നൽകിയ നിർദേശം. കേസുകൾ പിൻവലിക്കാൻ അനുകൂല റിപ്പോർട്ട് പ്രോസിക്യൂട്ടർ വഴി ഹാജരാക്കുമ്പോൾ കോടതിയാണ് തീരുമാനമെടുക്കേണ്ടത്. 2019 ലാണു പാർലമെന്റ് പൗരത്വ ഭേദഗതി ബിൽ പാസാക്കി വിജ്ഞാപനം ഇറക്കിയത്. തുടർന്ന് നടന്ന പ്രതിഷേധങ്ങൾക്കെതിരെ 2019 ഡിസംബർ 10 മുതലാണു കേസുകൾ റജിസ്റ്റർ ചെയ്തു തുടങ്ങിയത്. ഖത്തറിലെ അനുദിന വാർത്തകളും വിശേഷങ്ങളും തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/E9dLCQprdHP00u4tWPbARq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *